ചെന്നൈ: കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്ത സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കോടതി ഉത്തരവിട്ടു.
പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകള്‍ തള്ളി ജസ്റ്റിസ് പി.വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജി നിര്‍ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്.
ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട 3 സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.