ചെന്നൈ: നാം തമിഴര്‍ കക്ഷി നേതാവ് സീമാനെതിരെ നടി വിജയലക്ഷ്മി നല്‍കിയിരുന്ന പീഡന പരാതി പിന്‍വലിച്ചു. സീമാന്‍ വലിയ സ്വാധീനമുള്ളയാളായതിനാല്‍ പൊലീസ് കേസെടുത്തില്ലെന്നും തനിക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിഞ്ഞില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.
തനിക്കാരുടെയും പിന്തുണ ലഭിച്ചില്ല. കേസ് പിന്‍വലിക്കാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. പരാതിയുടെ കാര്യത്തില്‍ തോല്‍വി സമ്മതിച്ചു പിന്‍വലിക്കുന്നു. പറഞ്ഞറിയിക്കാനാവാത്തത്ര ക്രൂരതകള്‍ നടന്നെന്നും ബെംഗളൂരുവിലേക്കു മടങ്ങുകയാണെന്നും വിജയലക്ഷ്മി പറഞ്ഞു.
സീമാന്‍ 2011ല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വല്‍സരവാക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കമ്മിഷണര്‍ ഓഫിസിലും പരാതി നല്‍കി. തിരുവള്ളൂര്‍ മഹിളാ കോടതി മജിസ്ട്രേട്ട് മൊഴിയെടുക്കുകയും വിജയലക്ഷ്മിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സീമാനു സമന്‍സ് അയച്ചിരിക്കെയാണ് ഇന്നലെ അര്‍ധരാത്രി നാടകീയമായി വിജയലക്ഷ്മി പരാതി പിന്‍വലിച്ചത്.