ഡൽഹി: ദ്വാരക എക്‌സ്‌പ്രസ്‌വേ പദ്ധതിയിലെ 850 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ അഴിമതി കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറി ഡൽഹി സർക്കാർ.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷൻ കമ്മീഷണർ അശ്വനി കുമാറിനെയും അതാത് സ്ഥാനങ്ങളിൽ നിന്ന് ഉടൻ മാറ്റണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാളിനോട് ഡൽഹി വിജിലൻസ് മന്ത്രി അതിഷി ആവശ്യപ്പെട്ടിരുന്നു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അതിഷിയുടെ റിപ്പോർട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം സിബിഐക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) റഫർ ചെയ്തത്.
തന്റെ മകൻ കരൺ ചൗഹാനുമായി ബന്ധമുള്ള കമ്പനിക്ക് നേട്ടമുണ്ടാക്കുന്നതിനുവേണ്ടി ഭൂമിയുടെ വില 22 തവണ കൂട്ടിയെന്നാണ് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെതിരെയുള്ള ആരോപണം.
മകനായ കരൺ ചൗഹാനുമായി ബന്ധമുള്ള ഒരു കമ്പനിക്ക് അനധികൃത ലാഭം നൽകുന്നതിനായി ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്കായി ഏറ്റെടുത്ത ബാംനോലി ഗ്രാമത്തിലെ ഭൂമിയുടെ നഷ്ടപരിഹാര തുക വർധിപ്പിച്ചതിൽ ചീഫ് സെക്രട്ടറിയുടെ ഇടപെടലുണ്ടെന്ന് റിപ്പോർട്ടിൽ അതിഷി ആരോപിച്ചിരുന്നു.
670 പേജുകളുള്ള പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചത്. നരേഷ് കുമാറിന്റെ മകനുമായി ബന്ധമുള്ള കമ്പനി 2015ൽ 75 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി, ഭൂമിയേറ്റെടുക്കൽ നടത്തി 850 കോടി രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയതായാണ് ആരോപണം.