ഇസ്രയേല്‍-ഹമാസ് പോരില്‍ അദാനിക്കും നഷ്ടം; ഓഹരികളില്‍ വന്‍ ഇടിവ്

New Update
adani group liense

ഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഉലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ചകനത്ത തകര്‍ച്ചയോടെ തുറന്ന ശേഷം സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

Advertisment

വ്യാപാരം അവസാനിക്കുമ്പോള്‍, ബിഎസ്ഇയുടെ 30-ഷെയര്‍ സെന്‍സെക്സ് 483.24 പോയിന്റ് ഇടിഞ്ഞ് 65,512.39 ലും എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക 141.15 പോയിന്റ് താഴ്ന്ന് 19,512.35 ലും ക്ലോസ് ചെയ്തു.

 അതിനിടെ, യുദ്ധത്തിന്റെ ആഘാതത്തില്‍ ക്രൂഡ് ഓയില്‍ വിലകൂടി. ഇതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോര്‍ട്ടിനും വന്‍ നഷ്ടമുണ്ടായി.

ഓഹരിവിപണിയിലെ തകര്‍ച്ചയ്ക്കിടയില്‍ അദാനി പോര്‍ട്ടിന്റെ ഓഹരിയില്‍ അഞ്ച് ശതമാനത്തിലധികം ഇടിവുണ്ടായി. തുടക്കത്തില്‍ തന്നെ അദാനി പോര്‍ട്ടിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഇടിവ് കൂടുതല്‍ വേഗത്തിലായി.

തിങ്കളാഴ്ചവ്യാപാരം അവസാനിക്കുമ്പോള്‍, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഓഹരികള്‍ 5.09 ശതമാനം ഇടിഞ്ഞ് 788.50 രൂപയില്‍ ക്ലോസ് ചെയ്തു.

ഇതനുസരിച്ച് നോക്കിയാല്‍ അദാനി പോര്‍ട്ട് ഷെയറിന് 42.25 രൂപ കുറഞ്ഞു. ഓഹരി തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്കും വന്‍ നഷ്ടമുണ്ടായി. കമ്പനിയുടെ വിപണി മൂലധനം (അദാനി പോര്‍ട്ട് എംസിപി) 1.71 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന് ഇസ്രായേലിലെഹൈഫ തുറമുഖത്ത് 70% ഓഹരിയുമായി വലിയ നിക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ, അദാനി പോര്‍ട്ട്‌സും സെസ് (APSEZ) സംയുക്ത സംരംഭത്തില്‍ ഇസ്രായേലിന്റെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയിരുന്നു.

ഈ ടെന്‍ഡറിന് ഏകദേശം 1.8 ബില്യണ്‍ ഡോളറായിരുന്നു. ഈ സംരംഭത്തില്‍ അദാനി പോര്‍ട്ടിന് 70 ശതമാനം ഓഹരിയുണ്ട്. ഇപ്പോഴിതാ ഇസ്രയേലില്‍ യുദ്ധമുണ്ടായതോടെ കമ്പനിയുടെ ഓഹരികള്‍ക്കും ഇടിവ് സംഭവിച്ചു. 

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കമ്പനി ശ്രദ്ധ പുലര്‍ത്തുന്നതായി അദാനി പോര്‍ട്ട്സ് പ്രസ്താവന ഇറക്കി. കമ്പനിയുടെ മൊത്തം ചരക്ക് അളവില്‍ 3 ശതമാനം സംഭാവന ചെയ്യുന്നത് ഇസ്രായേലിലെ ഹൈഫ തുറമുഖമാണ്.തുറമുഖ ജീവനക്കാരുടെ സുരക്ഷയ്ക്കായി മതിയായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു.

Advertisment