Advertisment

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ രൂക്ഷമാകുന്നു? കാനഡക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇന്ത്യ

New Update
G

ഡല്‍ഹി: ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

Advertisment

കാനഡയിലെ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ കനേഡിയന്‍ വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ചില പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ 2023 സെപ്റ്റംബര്‍ 21 വ്യാഴം മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ഇന്ത്യന്‍ മിഷന്‍ അറിയിച്ചിരിക്കുന്നത്.

ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്കായുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത്.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

''ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുന്നു'' ഒട്ടാവയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ തിരയുന്ന ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ജി 20 ഉച്ചകോടിക്കിടെ നടന്ന യോഗത്തില്‍, കാനഡയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജസ്റ്റിന്‍ ട്രൂഡോയോട് തന്റെ ആശങ്ക അറിയിച്ചിരുന്നു. 

Advertisment