Advertisment

ഐഎസ്ഐയുടെ ഏജന്റുമാരും ഖലിസ്ഥാന്‍ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാന്‍കൂവറില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയില്‍ ഗുര്‍പത്വന്ത് സിങ് പന്നൂനും മറ്റു ഖലിസ്ഥാന്‍ സംഘടനാ മേധാവികളും പങ്കെടുത്തു

New Update
canada

ഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ, കാനഡയിലുള്ള പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുടെ ഏജന്റുമാരും ഖലിസ്ഥാന്‍ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാന്‍കൂവറില്‍ വച്ച് അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

Advertisment

അഞ്ചു ദിവസം മുന്‍പു നടന്ന കൂടിക്കാഴ്ചയില്‍ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂനും മറ്റു ഖലിസ്ഥാന്‍ സംഘടനാ മേധാവികളും പങ്കെടുത്തതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യാവിരുദ്ധ പ്രചാരണം പരമാവധി പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ട്.

'പ്ലാന്‍-കെ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ഐ വന്‍തോതില്‍ ധനസഹായം നല്‍കുന്നുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും നിര്‍മിക്കാനും ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂണില്‍ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

Advertisment