Advertisment

മൂന്നു വര്‍ഷം തടവ്; ഒരു ലക്ഷം രൂപ പിഴ ! ഡീപ്പ് ഫേക്ക് വീഡിയോ വിവാദത്തില്‍ ശിക്ഷ ഓര്‍മ്മിപ്പിച്ച് സാമൂഹിക മാധ്യമ സേവനദാതാക്കള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ കത്ത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക്

New Update
rashmika mandana-

ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതില്‍ സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക്  കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചാല്‍ ഉള്ള ശിക്ഷകള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം സാമൂഹിക മാധ്യമങ്ങള്‍ക്ക് കത്ത് നല്‍കിയത്. 

Advertisment

2000ലെ ഐടി ആക്റ്റ് സെക്ഷന്‍ 66ഡി പ്രകാരമുള്ള കുറ്റമാണിതെന്ന് കേന്ദ്ര ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം വീഡിയോകളുടെ പ്രചാരണം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ്  തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഡീപ്പ്‌ഫേക്ക് വിഡിയോ പ്രചരിച്ചു തുടങ്ങിയത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മിക എന്ന രീതിയിലാണ് വിഡിയോ.

വിഡിയോ വൈറലായതോടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് കണ്ടെത്തി. സാറാ പട്ടേലിന്റെ വീഡിയോ ആണിതെന്നും വ്യക്തമായി. ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ സിനിമമേഖലയിലെ പ്രമുഖര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

വ്യാജവിഡിയോക്കെതിരെ പ്രതികരിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഇന്നലെ പ്രതികരിച്ചു. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യാജപ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ചട്ടം 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിവരുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Advertisment