Advertisment

ഭക്ത സഹസ്രങ്ങൾക്കു സായൂജ്യമേകി ഡൽഹി ശ്രീ മുത്തപ്പാ സേവാസമിതിയുടെ മുത്തപ്പൻ മഹോത്സവം സമാപിച്ചു

author-image
പി.എന്‍ ഷാജി
New Update
delhi muthappan

ന്യൂ ഡൽഹി: ഭക്ത സഹസ്രങ്ങൾക്കു സായൂജ്യമേകി ഡൽഹി ശ്രീ മുത്തപ്പാ സേവാസമിതിയുടെ പതിനേഴാമത് മുത്തപ്പാ മഹോത്സവം മയൂർ വിഹാർ ഫേസ്-3 ലെ എ-1 പാർക്കിൽ സമാപിച്ചു. ഡൽഹിയുടെയും പ്രാന്തപ്രദേശങ്ങളായ ഗുരുഗ്രാം, ഗ്രെയ്റ്റർ നോയിഡ, നോയിഡ, ഫരീദാബാദ്, ഘാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഭക്ത ജനങ്ങൾ ഒഴുകിയെത്തി. 

Advertisment

മഹോത്സവത്തോടനുബന്ധിച്ച് ഡൽഹി ശ്രീ മുത്തപ്പാ സേവാ സമിതി പ്രസിഡന്റ് കെ വി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രൊഫസർ ഡോ ശിവപ്രസാദ് മുഖാതിഥിയായിരുന്നു. 

delhi muthappan-2

സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. രക്ഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ സി ചന്ദ്രൻ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

ചടങ്ങിൽ ഡൽഹിയിലെയും എൻസിആർ മേഖലയിലെയും ക്ഷേത്രങ്ങളുടെ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് പിന്നണി ഗായിക ദുർഗാ വിശ്വനാദിന്റെ നേതൃത്വത്തിൽ അനീഷ് പൂന്തേടൻ, സിദ്ധാർഥ് ജയശങ്കർ തുടങ്ങിയവർ നടത്തിയ ഭക്തി ഗാനമേള മുത്തപ്പാ മഹോത്സവ സന്ധ്യയെ ഭക്തി സാന്ദ്രമാക്കി. 

delhi muthappan-3

രാവിലെ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹോത്സവത്തോടനുബന്ധിച്ചു മുത്തപ്പൻ സ്ത്രീശക്തിയുടെ ഭക്തി സാന്ദ്രമായ ഭജനയും തുടർന്ന് കുട്ടികൾക്കായി ചിത്ര രചനാ മത്സരവും ഉണ്ടായിരുന്നു. 

രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന മുത്തപ്പ മഹോത്സവത്തിൽ മുത്തപ്പനും തിരുവപ്പനയും ഭക്തർക്ക് ദർശനമേകി. കൂടാതെ രണ്ടു ദിവസവും പ്രഭാത ഭക്ഷണവും ഉച്ചക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരുന്നു.

Advertisment