പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ഹനിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന ഭേദഗതി ബില്ലെന്നും പ്രമേയം കുറ്റപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന് വേണ്ടിയായിരുന്നു സോണിയ ഗാന്ധി കത്തയച്ചത്.