/sathyam/media/media_files/RRKZbTCaxKIVeuTwptaA.jpg)
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഉത്തരേന്ത്യ തെരഞ്ഞെടുപ്പു ചൂടിലേക്കു കയറി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാകും. സെമിഫൈനലായ പഞ്ചവടിപ്പാലം ആരു കടക്കും ആർക്കു കാലിടറും എന്നതാണു മുഖ്യം. ഫൈനലിലെ ജനമനസ് അറിയാനുള്ള റിഹേഴ്സലാണു നിയമസഭാ തെരഞ്ഞെടുപ്പുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടോ എന്നതിനും, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കരുത്ത് എത്ര കൂടി എന്നതിനുമുള്ള തെളിവാകും ഡിസംബർ മൂന്നിലെ വോട്ടെണ്ണൽ. ഒരു ദശാബ്ദത്തോളം രാജ്യം അടക്കിഭരിച്ച മോദി - ഷാ കൂട്ടുകെട്ടിനും, പ്രതിപക്ഷത്തിരുന്നു നരകിച്ച രാഹുൽ അടക്കമുള്ള നേതാക്കൾക്കും ജീവന്മരണ പോരാട്ടമാണിത്. ഭാരത് ജോഡോ യാത്ര മുതൽ രാഹുലിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടതും ദളിതനായ മല്ലികാർജുൻ ഖാർഗെ എഐസിസി അധ്യക്ഷനായതും കോണ്‍ഗ്രസിനു നേട്ടമായേക്കും.
പൊള്ളുന്ന വിലക്കയറ്റം, അസമത്വം
ഹിന്ദി ഹൃദയഭൂമിയിലെ മൂന്നിടത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സർക്കാർ ഉണ്ടാക്കിയെങ്കിലും മധ്യപ്രദേശിൽ അട്ടിമറിയിലൂടെ ബിജെപി അധികാരം പിടിച്ചു. രാജസ്ഥാനിൽ അട്ടിമറിശ്രമം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഛത്തീസ്ഗഡിൽ ബിജെപിയുടെ ദൗർബല്യങ്ങളാണു കോണ്‍ഗ്രസിനു ഭരണത്തുടർച്ച സ്വപ്നം കാണാൻ സഹായിക്കുന്നത്.
ഇസ്രയേൽ - ഹമാസ് സംഘർഷം കേരളത്തിലേതുപോലെ അഞ്ചു സംസ്ഥാനങ്ങളിൽ ഏൽക്കില്ല. എന്നാൽ, ഹിന്ദുത്വ കാർഡും ജാതി സെൻസസും വനിതാ സംവരണവും ഇഡി, സിബിഐ, ആദായനികുതി റെയ്ഡുകളും ഭരണഘടനാ സ്ഥാപനങ്ങളുടെമേലുള്ള കടന്നുകയറ്റങ്ങളും മണിപ്പുർ, നൂഹ് കലാപങ്ങളും ഇതര വിദ്വേഷ ആക്രമണങ്ങളും അഴിമതികളും പക്ഷപാത നടപടികളും വികസനവും ജനക്ഷേമ പദ്ധതികളും ഗ്രൂപ്പുവഴക്കുകളും ഭരണവിരുദ്ധവികാരവും മുതൽ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി വരെ പലതുമാകും സംസ്ഥാനങ്ങളിലെ ചർച്ചാവിഷയം.
സന്പന്നരും പാവപ്പെട്ടവരും തമ്മിൽ വർധിച്ചുവരുന്ന അസമത്വം നഗര, ഗ്രാമീണ മേഖലകളിൽ ഒരുപോലെ വോട്ടർമാരെ അസ്വസ്ഥമാക്കുന്നുണ്ട്. അംബാനിമാരും അദാനിമാരും അടക്കമുള്ള വൻകിട വ്യവസായികൾ സന്പത്ത് പലമടങ്ങ് വർധിപ്പിക്കുന്പോഴും സാധാരണക്കാരും കർഷകരും തൊഴിലാളികളും പാവങ്ങളും ദുരിതത്തിലാണ്. കോവിഡിനെത്തുടർന്ന് ഗ്രാമീണ സന്പദ്ഘടനയിലുണ്ടായ മാന്ദ്യവും പണപ്പെരുപ്പവും ഇനിയും പരിഹരിക്കാനായിട്ടില്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങളും വ്യാപാരങ്ങളും തകർച്ചയിലായതും വോട്ടർമാരെ സ്വാധീനിക്കും.
നിത്യോപയോഗ സാധനങ്ങളുടെ തീവില സാധാരണക്കാരെ വേദനിപ്പിക്കുന്നു. ഭരിക്കുന്നവർക്കെതിരേ ജനരോഷം പ്രകടമാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളിൽ വോട്ടർമാർക്ക് അതൃപ്തിയുണ്ട്. ജനകീയ വികസന വിഷയങ്ങളേക്കാളും മത, സാമുദായിക പരിഗണനകളാകും ജനവിധിയെ സ്വാധീനിക്കുക. ധ്രുവീകരണ രാഷ്ട്രീയം മറയില്ലാതെ കാണാനാകും.
തന്ത്രം, കർണാടക മോഡൽ
ദേശീയതലത്തിൽ ബിജെപിയെ സംയുക്തമായി വെല്ലുവിളിക്കാൻ 28 പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ഇന്ത്യ സഖ്യം പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ സഹായിച്ചില്ല. ഹിന്ദി ബെൽറ്റിൽ ബിജെപിയെ ഒറ്റയ്ക്കു നേരിടാൻ കോണ്‍ഗ്രസ് ശക്തമാണെന്നതും തെലുങ്കാനയിൽ ബിആർഎസും കോണ്‍ഗ്രസും നേരിട്ടു പോരാടുകയാണെന്നതുമാകും കാരണം. സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും ബിജെപിക്കും കോണ്‍ഗ്രസിനും ബിആർഎസിനും പതിവുപോലെ പ്രശ്നമായെങ്കിലും തത്കാലം പൊട്ടിത്തെറിയില്ലാതെ പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്.
കർണാടക മാതൃകയിലുള്ള തന്ത്രങ്ങൾകൊണ്ട് ബിജെപിയെ മലർത്തിയടിക്കാനാണു കോണ്‍ഗ്രസ് കരുക്കൾ നീക്കുന്നത്. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും ബിജെപിയെ തകർക്കാനായതിനാൽ സമാനസ്ഥിതിയുള്ള മറ്റു സംസ്ഥാനങ്ങളിലും അത്തരം വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനു പ്രതീക്ഷയേകുന്നു.
മധ്യപ്രദേശിൽ ജാതിക്കളി
വലിയ സംസ്ഥാനമായ മധ്യപ്രദേശിലാണ് ഏറ്റവും കടുത്ത പോരാട്ടം. 17-ാം മധ്യപ്രദേശിൽ വോട്ടെടുപ്പ്. 230 സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിനു വേണ്ട 116 കടക്കുമെന്നതിൽ കോണ്‍ഗ്രസിനും ബിജെപിക്കും സംശയമില്ല. നൂറ്റന്‍പതിലേറെ സീറ്റ് നേടുമെന്നു കോണ്‍ഗ്രസ് നേതാവ് കമൽനാഥ് തറപ്പിച്ചു പറഞ്ഞു. 130 മുതൽ 150 വരെ സീറ്റുകളോടെ ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അവകാശവാദം. മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും നടത്തുന്ന വ്യാപക പ്രചാരണവും സർക്കാരിന്റെ വികസന, ഭരണ നേട്ടങ്ങളും തുണയ്ക്കുമെന്നാണു ബിജെപി കണക്കുകൂട്ടൽ.
ബിജെപിയുടെ കോട്ട തകർത്ത് അധികാരം തിരികെപ്പിടിക്കാൻ കമൽനാഥിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പതിവില്ലാത്ത വീര്യത്തിലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിഭാഗം ബിജെപിയിലേക്കു പോയെങ്കിലും കോണ്‍ഗ്രസിന് ഇക്കുറി വലിയ പ്രതീക്ഷയാണുള്ളത്. സിന്ധ്യയും കൂട്ടരുമെത്തിയെങ്കിലും പതിവില്ലാത്ത പ്രതിരോധത്തിലാണു ബിജെപി. ഭരണവിരുദ്ധ വികാരം ശക്തമാണ്. കാർഷിക, തൊഴിൽ പ്രതിസന്ധികളും വിലക്കയറ്റവും ജനങ്ങളെ മാറ്റത്തിനു പ്രേരിപ്പിച്ചേക്കാം.
മത, ജാതി സമവാക്യങ്ങളും ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘടനാബലവും ബിജെപിക്കു തുണയായേക്കാം. ബ്രാഹ്മണർ, കിരാർധാക്കാട്, ജാതവ് സത്നാമി, കുർമി, യാദവ്, ബനിയ, രജ്പുത് തുടങ്ങി വിവിധ ജാതികളിൽ ബിജെപിക്കാണു കൂടുതൽ സ്വാധീനം. മുസ്ലിംകളുടെയും ഭീൽ സമുദായത്തിന്റെയും ചെറുതെങ്കിലും ക്രൈസ്തവരുടെയും ആഭിമുഖ്യം കോണ്‍ഗ്രസിനോടാണ്. ബിജെപി ഭരണത്തിലും നിലപാടുകളിലും അതൃപ്തിയുള്ള സവർണ, പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ ഒരു വിഭാഗവും ജാതി സെൻസസ് വാഗ്ദാനവും സഹായിക്കുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
രാജസ്ഥാനിൽ ഫോട്ടോഫിനിഷ്
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് 25നാണു വോട്ടെടുപ്പ്. തുടക്കത്തിലേ പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ രാജസ്ഥാനിൽ ഭരണം തിരികെപ്പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. അഞ്ചിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയും രാജസ്ഥാനിലാണ്. ഇഡി റെയ്ഡുകളാണു ബിജെപിയുടെ കുന്തമുന. കേരളത്തിലേതുപോലെ അഞ്ചു വർഷം കൂടുന്പോൾ ഭരണം മാറുന്ന കീഴ്വഴക്കം ഇത്തവണ രാജസ്ഥാനിലും ആവർത്തിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പരസ്യവഴക്ക് ഒതുക്കാനായത് ആശ്വാസമായി.
ക്ഷേമപദ്ധതികളുടെ പെരുമഴയാണു രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാരിന്റ തുറുപ്പുചീട്ട്. കോണ്‍ഗ്രസ് സർക്കാർ പ്രഖ്യാപിച്ച ജാതി സെൻസസ് പിന്നാക്ക ജാതികളെ കോണ്‍ഗ്രസിനോട് ആഭിമുഖ്യം കാട്ടിയേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കയും വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. മോദിയുടെ പ്രതിച്ഛായതന്നെയാണ് ബിജെപിയുടെ പ്രധാന ആയുധം. ഇടഞ്ഞുനിന്നിരുന്ന മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും സജീവമായി മത്സരത്തിനിറങ്ങിയതോടെ കോണ്‍ഗ്രസിനെ മറികടക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു. കർഷകർ അടക്കമുള്ള പ്രബല പിന്നാക്ക ജാട്ട്, ഗുജ്ജർ വിഭാഗങ്ങളും പട്ടികവർഗ മീണകളും രജപുത്ര, ബ്രാഹ്മണ വോട്ടുകളും സഹായിക്കുമെന്നു ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷിക്കുന്നു.
ഛത്തീസ്ഗഡ്, തെലുങ്കാന
മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിൽ ചൊവ്വാഴ്ചയും 17-ാം തീയതിയുമായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിൽ മാത്രമാണ് രണ്ടു ഘട്ട പോളിംഗ്. 90 അംഗ നിയമസഭയിൽ 68 സീറ്റുകൾ നേടി 2018ൽ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് അധികാരം നിലനിർത്തിയേക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. കാർഷികകടം എഴുതിത്തള്ളുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ജാതി സെൻസസും ക്ഷേമ പദ്ധതികളും കോണ്‍ഗ്രസിനു നേട്ടമായേക്കാം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനു വലിയ വെല്ലുവിളി ഉയർത്താൻ മോദിക്കും ബിജെപിക്കു കഴിയുമോ എന്നതിൽ ആർക്കും തീർച്ചയില്ല. എന്നാൽ, പോളിംഗ് അടുത്തതോടെ മത്സരം കടുത്തതായിട്ടുണ്ട്.
തെലുങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് 30നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിആർഎസും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ബിജെപി ഇത്തവണ കുറച്ചു പിന്നോട്ടു പോയി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും കുടുംബത്തിനും എതിരേയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും അനുകൂലമാക്കാൻ കോണ്‍ഗ്രസ് അത്യധ്വാനം ചെയ്യുന്നുണ്ട്.
ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരി വൈ.എസ് ശർമിളയുടെ വൈഎസ്ആർ തെലുങ്കാന പാർട്ടി മത്സരിക്കാതെ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതും കാറ്റുവീശുന്നത് എങ്ങോട്ടാണാണെന്നു മനസിലാക്കിയാകാം. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി ഒന്‍പതു സീറ്റിൽ മത്സരിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നു ബിആർഎസും പ്രതീക്ഷിക്കുന്നു.
കേൾക്കാം, ഹിന്ദി ഹൃദയമിടിപ്പ്
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ പോരിലാണ്. പോരാട്ടം ദിവസംതോറും കടുക്കുകയും ചെയ്യുന്നുണ്ട്. പ്രസ്റ്റീജ് പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും മോദിക്കും രാഹുലിനും ആലോചിക്കാനാകില്ല. എന്നാൽ, ജയം ഉറപ്പിക്കാൻ കഴിയുന്നുമില്ല. അവസാന ദിവസങ്ങളിൽ കളം ഇളക്കി ജനവിധി അനുകൂലമാക്കാൻ ബിജെപിയും കോണ്‍ഗ്രസും പരമാവധി ശ്രമിക്കുന്നു. പാളയത്തിൽ പടയാണ് ഇരു ദേശീയ പാർട്ടികളുടെയും തലവേദന.
ഹിന്ദി ബെൽറ്റിലെ മൂന്നിൽ മൂന്നും പിടിക്കുമെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചുപറയുന്നു. രണ്ടിടത്തെങ്കിലും അധികാരത്തിലെത്തുമെന്നതിൽ ബിജെപിക്കും തീർച്ചയാണ്. പിടിച്ചുനിൽക്കാമെന്ന മോഹത്തിലാണു ബിജെപിയും മോദിയും. എന്നാൽ, പിടിച്ചെടുക്കുമെന്ന മോഹമാണു രാഹുലിന്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ്. മധ്യപ്രദേശിൽ കോണ്‍ഗ്രസിനാണു കൂടുതൽ പ്രതീക്ഷയെങ്കിൽ രാജസ്ഥാൻ പിടിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. ജനക്ഷേമ, വികസന പദ്ധതികളും വാഗ്ദാനങ്ങളും ഉണ്ടെങ്കിലും ഭരണവിരുദ്ധ വികാരം രണ്ടിടത്തും മോശമല്ല. തെലുങ്കാനയിൽ കോണ്‍ഗ്രസ് വലിയ തിരിച്ചുവരവു നടത്തിയതിനാൽ ഭരണകക്ഷിയായ ഭാരതീയ രാഷ്ട്രസമിതിക്ക് (ബിആർഎസ്) കനത്ത വെല്ലുവിളി നേരിടുന്നു.
മണിപ്പുരും മ്യാൻമറും ആസാമും ചർച്ചയാകുന്ന മിസോറമിൽ മുഖ്യമന്ത്രി സോറതംഗയുടെ മിസോ നാഷണൽ ഫ്രണ്ടിനു വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസ് വിയർക്കുന്നുണ്ട്. മണിപ്പുർ കലാപം തിരിച്ചടിയാകുമെന്നതിനാൽ ബിജെപി ബന്ധം തത്കാലത്തേക്ക് എംഎൻഎഫ് ഉപേക്ഷിച്ചിട്ടുണ്ട്. പുതിയ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റും ബിജെപിയോട് അകലം പാലിക്കുന്നു. മോദിയും പ്രിയങ്കയും മിസോറമിലെ പ്രചാരണ പരിപാടി റദ്ദാക്കിയതും ശ്രദ്ധേയമാണ്. ചൊവ്വാഴ്ചയാണ് 40 അംഗ മിസോറം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്.