ഇംഫാല്‍: മണിപ്പൂര്‍ വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോര്‍ട്ട്. കലാപത്തില്‍ തകര്‍ന്നത് 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങള്‍ വിവിധ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐകെ മുയ്വ പറഞ്ഞു. മെയ് മൂന്നിനാണ് മണിപ്പൂരില്‍ മെയ്തി കുക്കി ഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.
ആകെ 386 ആരാധനാലയങ്ങളും 4,786 വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. കലാപത്തില്‍ ആകെ 9,332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 325 പേര്‍ അറസ്റ്റിലായി.
5,668 ആയുധങ്ങള്‍ സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കട്ടു. ഇതില്‍ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. ഇതോടൊപ്പം കലാപകാരികളില്‍ നിന്ന് 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച 360 ബങ്കറുകള്‍ സുരക്ഷാ സേന നശിപ്പിച്ചു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.