ഡല്‍ഹി; രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആര്‍-എന്‍ഐവി) രാജ്യവ്യാപകമായി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
എന്‍ഐവിയില്‍ എപ്പിഡമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം മുന്‍ മേധാവി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറയുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ്പ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധയ്ക്കു സാധ്യതയുണ്ടെങ്കിലും ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തെ ഉദ്ധരിച്ച് ഗംഗാഖേദ്കര്‍ പറഞ്ഞു,
കേരളത്തില്‍ സ്ഥിരീകരിച്ച നിപ്പ് വൈറസ്, ബംഗ്ലദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിന്റെ വകഭേദമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച്, ഈ വകഭേദത്തില്‍ മരണനിരക്ക് കൂടുതലാണ്.
പൊതുവിദ്യാഭ്യാസത്തിലൂടെയും പൊതുസജ്ജീകരണത്തിലൂടെയും വൈറസിനെതിരെ പോരാടിയ ബംഗ്ലദേശിന്റെ മാതൃക ഇന്ത്യ പിന്തുടരണമെന്ന് ഗംഗാഖേദ്കര്‍ ആവശ്യപ്പെട്ടു.
രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇന്‍ഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇന്‍ഡക്‌സ് രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക എന്നിവയാണ് പ്രധാനം. 2018, 2019 വര്‍ഷങ്ങളില്‍ മേയ് മാസത്തിലാണ് കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ ഇന്‍ഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയിരുന്നു. തന്റെ വീടിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് രോഗി പഴംതീനി വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നത്.
2021 സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കോവിഡ് സമയത്ത് ക്വാറന്റീന്‍, ഐസലേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങള്‍ മാസ്‌ക് ധരിച്ചതുമെല്ലാം അന്നു വളരെ വേഗം രോഗം നിയന്ത്രിക്കാന്‍ സഹായകരമായി.
2023ലും സെപ്റ്റംബറില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതിനാല്‍ സമ്പര്‍ക്കപ്പട്ടിക വളരെ വേഗം തയാറാക്കാന്‍ സാധിക്കണമെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.