ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നൽകിയ കേസുകളിൽ സർക്കാരിന് പ്രതീക്ഷയേറുന്നു. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും തടഞ്ഞുവച്ച ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും കോടതി പഞ്ചാബ് ഗവർണർക്ക് നൽകിയ നിർദ്ദേശമാണ് സംസ്ഥാന സർക്കാരിന് പ്രതീക്ഷയേറ്റുന്നത്. ഈ പരാമർശങ്ങൾ 16 ബില്ലുകളും 2 ഓർഡിനൻസുകളും തടഞ്ഞുവച്ചിട്ടുള്ള ഗവർണർക്ക് തിരിച്ചടിയുമാണ്.
തടഞ്ഞുവച്ചിരിക്കുന്ന നാല് ബില്ലുകളിൽ പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. പഞ്ചാബ് നിയമസഭയുടെ ജൂൺ മാസത്തെ സമ്മേളനത്തിന്റെ നിയമസാധുതയിൽ അടക്കം ഗവർണറുടെ സെക്രട്ടറി ഉയർത്തിയ വാദങ്ങൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ഗവർണറുടെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
ജൂണിലെ സമ്മേളനം നിയമപരമാണ്. സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ബില്ലുകളിൽ അടയിരിക്കുന്ന ഗവർണറുടെ നടപടി തീക്കളിയാണ്. പ്രശ്നപരിഹാരത്തിന് ഒരാഴ്ച്ച സമയം അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും തള്ളി. മാർച്ച് മാസത്തെ ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ജൂണിൽ പ്രത്യേക സമ്മേളനം വിളിച്ച് ബില്ലുകൾ പാസാക്കിയിരുന്നത്.
/sathyam/media/media_files/gr5ilfYMBAf4bIz74biV.jpg)
സുപ്രീംകോടതിയുടെ ശ്രദ്ധേയമായ പരാമശങ്ങൾ ഇവയാണ്- നിയമസഭാ സമ്മേളനത്തിൽ സംശയം പ്രകടിപ്പിക്കുന്ന ഏത് ശ്രമവും ജനാധിപത്യത്തിന് ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണ്. ഇത്തരത്തിൽ സംശയം പ്രകടിപ്പിക്കാൻ ഗവർണർക്ക് ഭരണഘടന അവസരം നൽകുന്നില്ല.
സ്പീക്കർക്കാണ് നിയമസഭയുടെ കാര്യത്തിൽ അധികാരം. ജനാധിപത്യത്തിലെ പാർലമെന്ററി അധികാരം ജനപ്രതിനിധികൾക്കാണ്. മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഈ തത്വം പാലിക്കപ്പെടണം. ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിനെ വഴിനടത്താൻ മാത്രമാണ് ഗവർണർ പദവിയെന്നും കോടതി വിമർശിച്ചു.
12 ബില്ലുകളിലും സുപ്രധാന ഫയലുകളിലും അടയിരിക്കുന്ന തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിയുടെ നടപടിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, നവംബർ 20ന് വിഷയം വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
വിഷയത്തിൽ അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ കോടതിയെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അഴിമതി കേസുകളിൽ അടക്കം പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെ്ന്നും, തമിഴ്നാട് പി.എസ്.സി ചെയർമാന്റെയും, അംഗങ്ങളുടെയും നിയമനം അനിശ്ചിതത്വത്തിലായെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു.
കാശ്മീർ മുതൽ കന്യാകുമാരി വരെ ഈ അസുഖം നീളുകയാണെന്നും ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ അടയിരിക്കുന്നെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച രണ്ടു ഹർജികളും സുപ്രീംകോടതി ദീപാവലി അവധിക്ക് ശേഷം നവംബർ 20ന് പരിഗണിച്ചേക്കും.