ലയണ്‍സ്‌ ഗേറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍ ഇന്ത്യയില്‍ പ്രീമിയം ഉള്ളടക്കങ്ങളെത്തിക്കുന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, December 19, 2019

മുംബൈ:  ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പ്രമുഖ ഉള്ളടക്ക ദാതാക്കളായ ലയണ്‍സ്‌ഗേറ്റും സ്റ്റാര്‍സ്‌പ്ലേയുമായി ചേര്‍ന്ന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഉള്ളടക്കങ്ങള്‍ എത്തിക്കും.

സഹകരണത്തിലൂടെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഏറെ വിമര്‍ശാനാത്മക പ്രശംസയും പ്രിയങ്കരവുമായ ലയണ്‍സ്‌ഗേറ്റ് ഫീച്ചര്‍ ഫിലിം ഉള്ളടക്കങ്ങള്‍ ലഭിക്കും. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പിലും വെബ്പ്ലാറ്റ്‌ഫോമിലും ഇത് ലഭിക്കും. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പില്‍ 400 ടിവി ചാനലുകളുടെയും 10,000ത്തിലധികം സിനിമകളുടെയും കാറ്റലോഗ് ലഭ്യമാണ്.

ഉന്നത നിലവാരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നതോടെ സിനിമ പ്രേമികള്‍ക്ക് വലിയൊരു വിരുന്നാകും ലഭ്യമാകുക. ഹൊറര്‍, കോമഡി, ഡ്രാമ, ത്രില്ലര്‍, ഡോക്യുമെന്ററി തുടങ്ങിയ വിഭാഗങ്ങളില്‍ പല ഇന്ത്യന്‍ ഭാഷകളിലായി ഉള്ളടക്കങ്ങള്‍ ലഭ്യമാണ്.

ബ്ലോക്ക്ബസ്റ്ററുകളായ ഹംഗര്‍ ഗെയിംസ്, ട്വിലൈറ്റ് സാഗ ഫ്രാഞ്ചൈസിസ്, അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ലാ ലാ ലാന്‍ഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ലയണ്‍സ്‌ഗേറ്റ് പ്ലേയുടെ പ്രാഥമിക ഓഫറുകള്‍.

കൂടാതെ എയര്‍ടെല്‍ വരിക്കാര്‍ക്ക് ആമേരിക്കന്‍ അസാസിന്‍, റോബിന്‍ ഹുഡ്, ദി സ്‌പൈ ഹു ഡംപ്ഡ് മീ, എ സിംപിള്‍ ഫേവര്‍, സബാന്‍സ് പവര്‍ റേഞ്ചേഴ്‌സ്, ഡൈവേര്‍ജന്റ്, നൗ യു സീ മീ2, ഗോഡ്‌സ് ഓഫ് ഈജിപ്റ്റ്, ലെറ്റേഴ്‌സ് ടു ജൂലിയറ്റ്, റിസര്‍വോയര്‍ ഡോഗ്‌സ് തുടങ്ങിയവയും ലഭ്യമാകും.

ലയണ്‍സ്‌ഗേറ്റുമായി സഹകരിക്കാനായതിന്റെ ആവേശത്തിലാണെന്നും എയര്‍ടെല്‍എക്‌സ്ട്രീമിനെ ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദ പ്ലാറ്റ്‌ഫോമാക്കുകയാണ് ദൗത്യമെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മികച്ച ഉള്ളടക്ക സൃഷ്ടാക്കളുമായി സഹരിക്കാനുള്ള ശ്രമം തുടരുമെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

ലയണ്‍സ്‌ഗേറ്റ് പ്ലേയുടെ പ്രീമിയം പരിപാടികള്‍ ഏറ്റവും മികച്ച സഹകാരിയിലൂടെ വ്യാപകമാക്കാനുള്ള അവസരമാണ് എയര്‍ടെലുമായുള്ള സഹകരണത്തിലൂടെ ലഭ്യമായിരിക്കുന്നതെന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രീമിയം ഉള്ളടക്കങ്ങള്‍ വ്യാപകമാക്കുന്നതില്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും നൂതനമായ ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ കാണികളിലേക്ക് എത്തിക്കാനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും ലയണ്‍സ്‌ഗേറ്റ് പ്ലേ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടര്‍ രോഹിത് ജെയിന്‍ പറഞ്ഞു.

×