/sathyam/media/media_files/Pb2WApI9fV5jLYn9Mb1t.jpg)
ബംഗളൂരു: രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനായി നടന്‍ ദര്‍ശന്‍ തൂഗുദീപ സുഹൃത്തില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയതായി കണ്ടെത്തി. പോലീസിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം സമ്മതിച്ചത്.
ദര്‍ശന്റെ അടുത്ത സുഹൃത്തും പങ്കാളിയുമായ കന്നഡ നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടന്‍ ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) കൊല്ലപ്പെട്ടത്.
ജൂണ്‍ 9 ന് ബെംഗളൂരുവിലെ മേല്‍പ്പാലത്തിന് സമീപം രേണുകയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജൂണ്‍ 11 ന് കര്‍ണാടക പോലീസ് ദര്‍ശനെ അറസ്റ്റ് ചെയ്തു.
രേണുകസാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കീഴടങ്ങാന്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ 30 ലക്ഷം രൂപയ്ക്ക് പുറമെ മറ്റ് കൂട്ടാളികള്‍ക്ക് തെളിവ് നശിപ്പിക്കാനായി 40 ലക്ഷം രൂപ കൂടി കടം വാങ്ങിയതായി ദര്‍ശന്‍ സമ്മതിച്ചു.
രേണുകസ്വാമിയെ കൊലപ്പെടുത്താനും മൃതദേഹം സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും ദര്‍ശന്‍ 30 ലക്ഷം രൂപ നല്‍കിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ചില പ്രതികള്‍ സമ്മതിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനും അവര്‍ക്ക് പണം നല്‍കിയിട്ടുണ്ട്.