ഷിരൂര്‍: ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് ഓര്‍മകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതില്‍ ആശ്വാസമെന്ന് അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത്.
ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അതിനൊരു വിരാമമായി. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണമെന്നും അഭിജിത്ത് പറഞ്ഞു.
10 ദിവസത്തിനുള്ളില്‍ ഏട്ടനെ കിട്ടുമെന്ന ഉറപ്പ് ഡ്രഡ്ജര്‍ ഉടമ തന്നിരുന്നു. എന്തെങ്കിലും തെളിവ് തന്നിട്ടേ പോവുകയുള്ളൂവെന്ന് പറഞ്ഞിരുന്നു.
ഇന്നലെ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് ലോറി കിട്ടിയത്. സങ്കടമുണ്ടെങ്കിലും ഭാവിയിലേക്ക് ഓര്‍മയ്ക്കായിട്ടാണെങ്കിലും ഏട്ടനെ കിട്ടിയെന്ന് അഭിജിത്ത് പറഞ്ഞു.
ഇന്നലെ അമ്മയെ വിളിച്ചപ്പോള്‍ അവിടെ എല്ലാവരും ഏട്ടനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ജൂലൈ 16 മുതല്‍ താനിവിടെയുണ്ടെന്ന് അഭിജിത്ത് പറഞ്ഞു. ഇതുവരെ ഉത്തരമില്ലായിരുന്നു. ഇതുവരെ നീണ്ടത് ദൈവത്തിന്റെ വിധിയായിരിക്കുമെന്നും അഭിജിത്ത് പറഞ്ഞു.