/sathyam/media/media_files/O0HENL1SSVD7TaxmG418.jpg)
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. തിരച്ചിലിനായി ഇന്ന് കൂടുതൽ സേനയും ഉപകരണങ്ങളും എത്തും. ഗംഗാവലി നദിയിൽ തീരത്തുനിന്ന് 40 മീറ്റർ മാറി 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നാവികസേന ഇന്ന് തിരച്ചിൽ നടത്തും.
വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്റർ ഉപയോഗിച്ചാവും സിഗ്‌നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. ലോറി പുഴയിൽ ഉണ്ടാകാനാണ് തൊണ്ണുറ്റിയൊൻപത് ശതമാനം സാധ്യതയെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയയും പറഞ്ഞു. ലോറി പുഴയിലേക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം. ലോറി മണ്ണുമൂടി കിടപ്പുണ്ടാകാനും ഒഴുകിപ്പോകാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല.
പുഴയിലെ അതിശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അതിനിടെ, അപകട സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗംഗാവാലി പുഴയിൽനിന്നാണ് മൃതദേഹം ലഭിച്ചത്.
അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അപകട സ്ഥലത്തുനിന്നും ഇന്നലെ 98 ശതമാനം മണ്ണും നീക്കിയിരുന്നു. ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടറിൽ നിന്ന് ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കരയിൽ ലോറിയില്ലെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്.
അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം കിട്ടിയ വിവരം. ഇതനുസരിച്ചായിരുന്നു ഇതുവരെയുള്ള പരിശോധനകൾ.