/sathyam/media/media_files/wtT5AoVz96gRcFl41UOb.jpg)
മംഗലാപുരം: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്.
ഈ സാഹചര്യത്തിൽ നാവിക സേനയുടെ മുങ്ങൾ വിദഗ്ധർക്ക് നദിയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്. വ്യാഴാഴ്ച അർജുൻ സഞ്ചരിച്ചിരുന്ന ലോറി ഗംഗാവലി നദിയിലുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.
തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട.മേജർ ജനറൽ ഇന്ദ്രബാലനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗംഗാവലി നദിയിൽ പത്ത് മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്.
25 മീറ്ററിന് മുകളിലാണ് ഗംഗാവലി നദിയുടെ ആഴം. കരയിൽ നിന്ന് 15 മീറ്റർ അകലെയായാണ് ലോറി കിടക്കുന്നത്. ലോറിയിൽ നിന്ന് തടി വിട്ടുപോയ സ്ഥിതിയാണ്.
എന്നാൽ, ലോറിയുടെ ഭാഗങ്ങൾ വേർപ്പെട്ട് പോകാൻ സാധ്യതയില്ലെന്ന് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, അർജുൻ അപകടത്തിന് മുമ്പ് ലോറിയിൽ നിന്നിറങ്ങിയോ എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും ദൗത്യസംഘം പറഞ്ഞു. വെള്ളിയാഴ്ച മന്ത്രിമാരായ പി മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എ്ന്നിവരടങ്ങിയ സംഘം ഷിരുർ സന്ദർശിക്കും.
വ്യാഴാഴ്ച രാത്രിയിലും സൈന്യം തിരച്ചിൽ തുടരുകയായിരുന്നു. ട്രക്കിനുള്ളിൽ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ തെർമൽ ഇമേജിനായുള്ള പരിശോധനയാണ് രാത്രിയിലും തുടർന്നത്. എന്നാൽ, കനത്ത മഴ കാരണം പുഴയലിറങ്ങി പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ആർത്തൊലിച്ചു വരുന്ന മലവെള്ള പാച്ചിൽ കാരണം, ഗംഗാവലിയിലെ ജലനിരപ്പ് ക്രമാധീതനമായി ഉയർന്ന സ്ഥിതിയാണ്. പുഴയിലെ ഒഴുക്ക് രണ്ട് നോട്ടിക്കൽ മൈൽ മാത്രമാണെങ്കിലെ പുഴയിലിറങ്ങി പരിശോധന സാധ്യമാകു. എന്നാൽ ശക്തമായ മഴ കാരണം നിലവിൽ അഞ്ച് നോട്ടിക്കൽ മൈൽ വേഗത്തിലാണ് പുഴയിലെ ഒഴുക്ക്.
നേരത്തെ വ്യാഴാഴ്ച രാവിലെ മുതൽ രാവിലെ മുതൽ നദിയിൽ അഡ്വാൻസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയായിരുന്നു. നദിയുടെ മുകളിലൂടെ പറത്തി, അടിത്തട്ട് സ്‌കാൻ ചെയ്തുള്ള പരിശോധനയിലാണ് ട്രക്ക് കണ്ടെത്തിയത്.
ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തുണ്ട്.അതേസമയം, മണ്ണിടിച്ചലിൽ കാണാതായ ലക്ഷമണൻ നായിക്കിന്റെ ചായക്കടയുടെ അവശിഷ്ടം വ്യാഴാഴ്ച രാത്രിയിലെ തിരച്ചിലിൽ കണ്ടെത്തിയെന്ന് കാൻവാർ എംഎൽഎ സതീശ് സെയിൽ പറഞ്ഞു
അർജുനെ കണ്ടെത്താനുള്ള ദൗത്യം പൂർത്തിയാക്കാൻ കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ റഞ്ഞു. സൈന്യത്തിന് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം.
ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാക്കാൻ കാത്തിരിക്കണമെന്നും മറ്റ് വഴികളൊന്നും തന്നെയില്ലെന്നും കളക്ടർ വ്യക്തമാക്കി.