/sathyam/media/media_files/6b2Slj4oN9XAk7jfgEhK.jpg)
ബംഗളൂരു: അര്‍ജുനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഡ്രോണ്‍ പരിശോധനക്കൊപ്പം റഡാര്‍ പരിശോധനയും നടത്തും.
അടിയൊഴുക്ക് ശക്തമായതിനാല്‍ ഡൈവിങ്ങ് സാധ്യമാകുന്നില്ലെന്നും കാര്‍വാര്‍ എംഎല്‍എ അറിയിച്ചു. ട്രക്കുള്ളത് മൂന്നാമത്തെ സ്‌പോട്ടിലെന്നാണ് നിഗമനം. 30 അടി താഴ്ചയിലാണ് ട്രക്കുള്ളത്. സാഹചര്യം അനുകൂലമായാല്‍ ഡൈവേഴ്‌സിന് ദൗത്യം നടത്താനാകുമെന്നും കാര്‍വാര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഭാരമുള്ള വസ്തു ഇട്ട് അടിയഴുക്കിന്റെ തീവ്രത പരശോധിക്കുന്നതായി ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയൊഴുക്കാണ് വലിയ വെല്ലുവിളിയെന്നും അതുല്‍ പിള്ള വ്യക്തമാക്കി.
ഷിരൂരിലെ സാഹചര്യം നാവിക സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇന്നും സ്‌പോട്ട് ഡൈവിങ്ങിന് ട്രയല്‍ നടത്തുന്നുവെന്നും നിരന്തരം ഡൈവിങ്ങിന് ശ്രമിക്കുന്നുവെന്നും ഡിഫന്‍സ് പിആര്‍ഒ വ്യക്തമാക്കി.
നിലവില്‍ ഗംഗാവാലി നദിയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് വസ്തുക്കള്‍ അടിഞ്ഞുകൂടിയതിന്റെ വ്യത്യാസം വിലയിരുത്തും.
ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ താഴെയിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അതുല്‍ പിള്ള വ്യക്തമാക്കി. സോണാര്‍ പരിശോധന നടത്തുമെന്നും ഇന്നലത്തെ രക്ഷാദൗത്യം വിശദമായി വിലയിരുത്തിയെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള വ്യക്തമാക്കി.