/sathyam/media/media_files/HV52V8SNafPM3Pu9QzVs.jpg)
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ.
ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിട്ടുണ്ട്. അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസവും തുടരുകയാണ്.
പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരും.
പുഴയിലെ പരിശോധനയും മണ്ണ് നീക്കിയുള്ള തിരച്ചിലും ദൗത്യസംഘം തുടരും. ഗംഗാവലി പുഴയിൽ ഇറങ്ങാൻ ഉഡുപ്പി മാൽപ്പെയിൽനിന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിക്കും. പ്രാദേശികമായി പുഴയിൽ ഇറങ്ങി പരിചയമുള്ളവരെയാണ് എത്തിക്കുക.
പുഴയിൽ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാവികസേന പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ്. സിഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് അടിയൊഴുക്ക് പ്രതിരോധിക്കാന്‍ പോന്റൂണ്‍ സ്ഥാപിക്കും.
അവിടെ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഇറങ്ങും. അര്‍ജുന്‍ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചില്‍ നീണ്ടുപോവാതിരിക്കാന്‍ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നത്.
അതിനിടെ, അർജുന്റെ ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞതായി ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.
ലോറിയിലെ മനുഷ്യ സാന്നിധ്യം നിർണയിക്കാൻ തെർമൽ സ്കാനിങ്ങിലും സാധിച്ചിട്ടില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഷിരൂരിൽ തുടരുന്നുണ്ട്.