/sathyam/media/media_files/TGikTizjAOYdfvOtMI2A.jpg)
ഷിരൂര്‍: അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന നടത്തുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒഴുക്കില്‍പ്പെട്ടു. ഡൈവിംഗിനിടെ കയര്‍പൊട്ടിയതാണ് ഒഴുക്കില്‍പ്പെടാന്‍ കാരണമായത്. ഈശ്വര്‍ മാല്‍പെയെ ദൗത്യസംഘം രക്ഷപ്പെടുത്തി.
അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങുന്നത്.
അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തുന്നതായി ദൃശ്യങ്ങളിലുണ്ട്.
ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.