ഷിരൂർ: കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗാവലി പുഴയിൽ അർജൂന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടരുന്നു. നീണ്ട പതിമൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും അർജുനെ കണ്ടെത്താൻ ദൗത്യസംഘത്തിന് ആയിട്ടില്ല. സർവ്വരും ഒത്തൊരുമിച്ചുള്ള രക്ഷാദൗത്യം ഞായറാഴ്ചയും തുടരുന്നു.
ഡ്രഡ്ജർ പുഴയിലെത്തിച്ചാണ് ഇന്നത്തെ പരിശോധന. രണ്ടു ദിവസമായി പ്രദേശത്ത് മഴയില്ലാത്തതിനാൽ രക്ഷാദൗത്യം ഇന്ന് കൂടുതൽ സുഗമമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാൻവാർ എംഎൽഎ സതീശ് സെയിൽ പറഞ്ഞു.
മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായി കല്ലും മരങ്ങളും പുഴയിൽ പതിച്ചിട്ടുണ്ട്. അതിനൊപ്പം വനത്തിനുള്ളിൽ മഴ പെയ്യുന്നതിനാൽ നദിയിലെ വെള്ളം കലങ്ങിമറിഞ്ഞ സ്ഥിതിയിലും. രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി ഇതാണെന്ന് എംഎൽഎ കൂട്ടിചേർത്തു.
നദിയിൽ നിന്ന് നാലാമത്തെ സിഗ്‌നൽ ലഭിച്ചിടത്തായിരുന്നു ശനിയാഴ്ച പ്രധാനമായും തിരച്ചിൽ നടത്തിയത്. സിഗ്‌നൽ ലഭിച്ച സ്ഥലങ്ങൾ, നദിയിൽ മൺകൂഞ്ഞ രൂപപ്പെട്ട സ്ഥലം എന്നിവടങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികളും നാവിക സേനയും പരിശോധന നടത്തി.
തിരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ ശനിയാഴ്ച ഗംഗാവലി നദിയിൽ ആറ് തവണയാണ് മുങ്ങിതപ്പിയത്. എന്നാൽ നദിയിലെ ശക്തമായ അടിയൊഴുക്കും കയവും കാരണം അധികനേരം മുങ്ങിതപ്പാൻ സംഘത്തിന് കഴിഞ്ഞില്ല.
ബോട്ടിന്റെ എഞ്ചിൻ ഓഫാക്കി, നൂറ് കിലോ ഭാരമുള്ള വടം ശരീരത്തിൽ കെട്ടിയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. എന്നാൽ, പുഴയിലെ കുത്തൊഴുക്ക് കാരണം ബോട്ടിന്റെ എൻജിൻ നിർത്തി പരിശോധന തുടരാനാകാത്ത സ്ഥിതിയായിരുന്നു.
ഇതിനിടയിൽ ഒരുതവണ വടം പൊട്ടി, ഈശ്വർ മൽപെ നദിയിലെ കുത്തൊഴുക്കിൽ അകപെട്ട് പോയെങ്കിലും നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു.
വൈകീട്ട് ആറരവരെയും പ്രാദേശിക സംഘം തിരച്ചിൽ തുടർന്നെങ്കിലും ഇരുട്ടും കുത്തൊഴുക്കും കാരണം തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു.