/sathyam/media/media_files/S0dpe3HuLpQVJYbQr1BF.jpg)
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നു പുനഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തിൽ പുഴയിൽ റഡാർ പരിശോധന നടത്തും.
ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്നറിയുകയാണ് പ്രധാന ശ്രമം. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇന്നലെ നടത്തിയ പരിശോധനയിൽ പുഴയിൽ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇന്നു നടക്കുന്ന പരിശോധനയ്ക്ക് ശേഷമാകും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഒഴുക്ക് കുറഞ്ഞതായി കണ്ടെത്തിയാൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിൽ കടന്ന് പരിശോധിക്കും. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് മഴ മാറിനിൽക്കുന്നതും തിരച്ചിലിന് അനുകൂലമായിട്ടുണ്ട്.
അർജുനും കാണാതായ രണ്ട് കർണാടക സ്വദേശികൾക്കുമായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിക്കാൻ കേരള സർക്കാരും കർണാടക സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു.
തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അർജുന്റെ കുടുംബത്തിന്റെ ആശങ്ക ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.