/sathyam/media/media_files/NjKGl7f59NW2uPkpMMFC.jpg)
ഷിരൂർ: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്നതിൽ പ്രതിസന്ധി.
ഡ്രഡ്ജർ തിങ്കളാഴ്ച എത്തുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഡ്രഡ്ജർ എത്തിക്കാൻ ഒരാഴ്ച കാലതാമസം നേരിടുമെന്ന് ഗോവയിലെ ഡ്രഡ്ജിങ് കമ്പനിയുടെ എംഡ്ി മഹേന്ദ്ര ഡോഗ്രെ മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രഡ്ജർ കടലിലൂടെ കൊണ്ട് വരാനുള്ള അന്തിമ അനുമതി ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.ഇതിനുശേഷമേ ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെടുവെന്നും മഹേന്ദ്ര പറഞ്ഞു.
28.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയും രണ്ടു മീറ്റർ ആഴവുമുള്ള ഡ്രെഡ്ജർ ആണ് എത്തിക്കുന്നത്. ഡ്രാഫ്റ്റിന് മൂന്ന് മീറ്റർ നീളമാണുള്ളത്.
വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകൾക്കിടയിൽ 15 മീറ്റർ വീതി ഉണ്ട്. ഡ്രെഡ്ജറിന് 8.5 മീറ്റർ മാത്രമാണ് വീതി. അത് കൊണ്ട് പാലങ്ങൾ തടസമാവില്ലെന്നും മഹേന്ദ്ര പറഞ്ഞു.
അതിനിടെ, ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലും ലോഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അർജുൻറെ ലോറിയിൽ തടിക്ഷണങ്ങൾ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയ ലോഹ ഭാഗം അർജുൻ ഓടിച്ച ലോറിയുടേത് അല്ലെന്നും ടാങ്കറിൻറേത് ആകാനാണ് സാധ്യതയെന്നും ലോറിയുടെ ആർസി ഉടമ മുബീൻ പറഞ്ഞു.