/sathyam/media/media_files/XS2kynVi1A2LX57hqB0T.jpg)
ബംഗളൂരു: ഷിരൂരിൽ അർജുനടക്കം മൂന്ന് പേർക്കായുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും.
ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്.
ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് അയക്കും.
അതേസമയം, പുഴയിൽ ഡ്രഡ്ജിങ് പരിശോധന ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പ്രതികരിച്ചിരുന്നു.
ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎൽഎ പറഞ്ഞു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.