Advertisment

കുടിവെള്ളം കൊണ്ട് കാർ കഴുകി; ബെംഗളൂരു നഗരത്തിൽ 22 പേർക്ക് പിഴ ചുമത്തി

New Update
bangalore water Untiitled.jpg

ബെംഗളൂരു: കുടിക്കാനുള്ള ആവശ്യങ്ങൾക്ക് ഒഴികെ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെ ബെംഗളൂരു നഗരത്തിൽ 22 പേരിൽ നിന്നായി 1.1 ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ.

Advertisment

നിരോധനം നിലവിൽ വന്ന് മൂന്ന് ദിവസത്തിനകമാണ് ഇത്രയധികം തുക പിഴയിനത്തിൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ്  ഈടാക്കിയത്. ജലവിതരണ പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങൾ ലംഘിച്ച് കാർ കഴുകൽ പോലുള്ള പ്രവൃത്തികൾ ചെയ്തവർക്ക് മുട്ടൻ പണി കിട്ടിയത്.

മാർച്ച് രണ്ടാം വാരത്തിൽ നഗരത്തിൽ വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ട പരിപാലനത്തിനും, കെട്ടിട നിർമ്മാണത്തിനും, ആഡംബര ജലധാരകൾക്കും, വിനോദ ആവശ്യങ്ങൾക്കും, സിനിമാ ഹാളുകളിലും മാളുകളിലും കുടിവെള്ളം ഒഴികെയുള്ള അനാവശ്യ ജല ഉപയോഗത്തിനും, റോഡ് നിർമ്മാണത്തിനും മറ്റു വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും ഞായറാഴ്ച വരെ 22 ലംഘന കേസുകൾ കണ്ടെത്തി രസീതുകൾ നൽകിയ ശേഷം, ഉടനെ പിഴ ഈടാക്കിയതായും ജല അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. 65,000 രൂപ പിഴ ഈടാക്കിയ ബെംഗളൂരുവിലെ തെക്കുകിഴക്കൻ ഡിവിഷനിലാണ് ഭൂരിഭാഗം നിയമലംഘനങ്ങളും കണ്ടെത്തിയത്.

സ്ഥിരതാമസക്കാരും ദിവസേന വന്നു പോകുന്നവരും ഉൾപ്പെടെ ഏകദേശം 1.4 കോടി ജനസംഖ്യ ബെംഗളൂരുവിൽ ഉള്ളതായി ബോർഡ് ഉത്തരവിൽ പറയുന്നു. എല്ലാവർക്കും കുടിവെള്ള വിതരണം അത്യാവശ്യമാണ്. നിലവിൽ നഗരത്തിൽ ദിനംപ്രതി താപനില ഉയരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മഴയില്ലാത്തതിനാൽ ഭൂഗർഭ ജലനിരപ്പ് കുറഞ്ഞു. തൽഫലമായി നഗരത്തിലെ വെള്ളം പാഴായിപ്പോകുന്നത് തടയേണ്ടത് ആവശ്യമാണ്. കൂടാതെ പൊതുജനങ്ങൾ കുടിവെള്ളം മിതമായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

Advertisment