/sathyam/media/media_files/2024/11/07/9MFQSOHebGVBjQbRbB6i.jpg)
ബെംഗളൂരു: ബെംഗളൂരുവില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബിഎംടിസി) ഡ്രൈവര്‍ കിരണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ച യശ്വന്ത്പുരിന് സമീപം ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബിഎംടിസി ഡിപ്പോ 40ല്‍ ജോലി ചെയ്തിരുന്ന കിരണിന് (39) നെലമംഗലയില്‍ നിന്ന് യശ്വന്ത്പുരിലേക്ക് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.
ബസിന്റെ ഇന്റീരിയര്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഡ്രൈവര്‍ ബോധരഹിതനായി വീഴുന്നതും ബസ് മുന്നോട്ട് പോകുമ്പോള്‍ മറ്റൊരു ബിഎംടിസി ബസ് എതിരെ വരുന്നതും കാണാം.
പെട്ടെന്നു കണ്ടക്ടര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി നിര്‍ത്തിയതിനാല്‍ ഒരു ദുരന്തം ഒഴിവാകുകയായിരുന്നു.
കിരണിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ദുരന്തം ഒഴിവാക്കിയ കണ്ടക്ടറുടെ പ്രവര്‍ത്തനത്തെ ബിഎംടിസി അധികൃതര്‍ അഭിനന്ദിച്ചു.