/sathyam/media/media_files/2024/10/18/IKETXagtpRfjtJN7DLWv.jpg)
ബംഗളൂരു: ബെംഗളൂരുവിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ യൂണിറ്റ് 21.17 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. നഗരത്തിലെ ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ നിരോധിത വസ്തുക്കള്‍ അടങ്ങിയ 606 പാഴ്‌സലുകള്‍ കണ്ടെത്തിയത്.
യുഎസ്, യുകെ, ബെല്‍ജിയം, തായ്ലന്‍ഡ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ സംശയാസ്പദമായ 3,500 പാഴ്സലുകള്‍ പരിശോധിച്ച ശേഷമാണ് ഇവ പിടിച്ചെടുത്തത്.
ഹൈഡ്രോ ഗഞ്ച, എല്‍എസ്ഡി, എംഡിഎംഎ ക്രിസ്റ്റല്‍, എക്സ്റ്റസി ഗുളികകള്‍, ഹെറോയിന്‍, കൊക്കെയ്ന്‍, ആംഫെറ്റാമൈന്‍, ചരസ്, ഗഞ്ചാ ഓയില്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ബംഗളൂരുവില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതിനായി പ്രതികള്‍ ഇന്ത്യന്‍ തപാല്‍ സര്‍വീസ് വഴി ഈ വസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
നഗരത്തിലെ അറിയപ്പെടുന്ന ഇടപാടുകാരെ ലക്ഷ്യമിട്ടുള്ള അനധികൃത പണമിടപാടിന്റെ ഭാഗമായിട്ടായിരുന്നു കള്ളക്കടത്ത് എന്നാണ് റിപ്പോര്‍ട്ട്.