Advertisment

അമിത് ഷാ ഗുണ്ടയാണ്! സിദ്ധരാമയ്യയുടെ മകന്റെ പരാമർശം വിവാദത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

New Update
BIP Complaint against Yathindra siddaramaiah

ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി.

Advertisment

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ് എന്നായിരുന്നു യതീന്ദ്രയുടെ പരാമർശം. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യതീന്ദ്ര.

'കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണ് സർക്കാർ ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

 അങ്ങനെയുള്ള ഒരാളെ അരികിലിരുന്ന് രാഷ്ട്രീയം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി മോദി. മുസ്ലിംകൾക്കെതിരെ വംശഹത്യ നടത്തിയതിന് വലിയൊരു കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കഴിഞ്ഞ 10 വർഷമായി അധികാരത്തിലാണ്.' യതീന്ദ്ര പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി യതീന്ദ്രയ്‌ക്കെതിരെ വെള്ളിയാഴ്ച ബിജെപി പ്രതിനിധി സംഘം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. ആഭ്യന്തര മന്ത്രിക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യതീന്ദ്രയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്നും പാർട്ടി സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടു.

മുൻ നിയമസഭാംഗവും മുഖ്യമന്ത്രിയുടെ മകനുമായ യതീന്ദ്രയുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര യതീന്ദ്രയുടെ പരാമർശത്തെ അപലപിച്ചു.

 

Advertisment