ബംഗളൂരു: കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക മന്ത്രി ബി നാഗേന്ദ്രയുടെയും കോണ്‍ഗ്രസ് എംഎല്‍എ ബി ദദ്ദലിന്റെയും വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മാരത്തണ്‍ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു.
കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി 187 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജന്‍സി 18 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ അര്‍ദ്ധരാത്രി തിരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ പരിശോധന പുനരാരംഭിച്ചു.
ഈ വര്‍ഷം മെയ് 21ന് കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരന്‍ പിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
കോര്‍പ്പറേഷനില്‍ നിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം കൈമാറിയെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎല്‍എയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അന്ന് ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.