/sathyam/media/media_files/2024/10/18/NTDpLgM4LgBdMd9jg21z.jpg)
ബംഗളൂരു: ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരായി അന്വേഷണം നടക്കുന്നതിനിടെ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഓഫീസില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 12 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.
കമ്മീഷണര്‍ എ എന്‍ രഘുനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുഡ ഉദ്യോഗസ്ഥരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് ശേഷം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തേക്കും. ഭൂമി അനുവദിച്ച കേസില്‍ എല്ലാ മുഡ ഉദ്യോഗസ്ഥരെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും.
കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകള്‍ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ സ്‌നേഹമയി കൃഷ്ണ രംഗത്ത് വന്നതോടെയാണ് വന്‍ ഭൂമി കുംഭകോണം പുറത്തായത്.
50:50 ഇന്‍സെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പകരം ഭൂമി നല്‍കും. എന്നാല്‍ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ ബദല്‍ ഭൂമി ചില വ്യക്തികള്‍ക്ക് ലഭിച്ചെന്നാണ് ആരോപണം.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിയുടെ പേരില്‍ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവര്‍ക്ക് വിജയനഗറില്‍ കണ്ണായ പ്രദേശത്ത് 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയില്‍ ഏറ്റെടുത്ത യഥാര്‍ത്ഥ ഭൂമിയേക്കാള്‍ വളരെ കൂടുതലാണെന്ന് ആരോപണം.
പാര്‍വതിയും സഹോദരന്‍ മല്ലികാര്‍ജുനും മറ്റ് പ്രതികളും ചേര്‍ന്ന് കേസരെയിലെ ഭൂമി 2004ല്‍ തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖ ചമച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു പരാതിയും നല്‍കിയിരുന്നു.