/sathyam/media/media_files/1PsMtSPOn5hNw8gPthhc.jpg)
ബംഗളൂരു: മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ച് പുതിയ പരാതി. മുഖ്യമന്ത്രിയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും ക്രമക്കേടില്‍ പങ്കാളിയാണെന്ന് പരാതിയില്‍ പറയുന്നു.
മുഡ (മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) മുഖ്യമന്ത്രിയുടെ ഭാര്യക്ക് 14 സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പോലീസ് എഫ്‌ഐആറിന് തുല്യമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും (ഇസിഐആര്‍) ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ലോകായുക്ത - ഇഡി കേസുകളില്‍ രണ്ടാം പ്രതിയാണ് ബി എം പാര്‍വതി.
മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.
മുഡ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ഒരു തെളിവും ഇ ഡിയുടെ കയ്യിലില്ലെന്ന വാദവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഒരു പണമിടപാടും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഭാര്യ പാര്‍വതിക്ക് വിവാദങ്ങളിലും രാഷ്ട്രീയത്തിലും താല്പര്യമില്ല.
അതുകൊണ്ട് 14 പ്ലോട്ടുകളും തിരിച്ചുനല്‍കാന്‍ അവര്‍ സ്വയം തീരുമാനിച്ചതാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.