ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലർത്തുന്നത് ഇഷ്‌ടമായില്ല; ഭാര്യയെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു, കഴുത്ത് അറുത്തു; സംശയത്തിന്‍റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

സുഹൃത്ത് ഉറങ്ങാൻ പോയ ശേഷം ഹാളിലെത്തിയ ഭാര്യ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു.

New Update
kiran Untitled30

ബെംഗളൂരു: സംശയത്തിന്‍റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശി കിരൺ (31) അറസ്റ്റിലായി.

Advertisment

ഭാര്യ നവ്യശ്രീ (28)യെ ഇയാള്‍ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നവ്യശ്രീയുടെ സുഹൃത്ത് ഐശ്വര്യയാണ് പൊലീസില്‍ പരാതി നൽകിയത്.

കിരണും നവ്യശ്രീയും മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. കെങ്കേരിയിലെ വിശ്വേശ്വരയ്യ ലേഔട്ടിലായിരുന്നു താമസം. കിരൺ ക്യാബ് ഡ്രൈവറായിരുന്നു.

നൃത്താധ്യാപികയായിരുന്ന നവ്യശ്രീ പലപ്പോഴും നൈറ്റ് ക്ലബ്ബുകളിൽ പോകുമായിരുന്നു. ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലർത്തുന്നത് കിരണിന് ഇഷ്‌ടമായിരുന്നില്ല എന്ന് പരാതിയില്‍ പറയുന്നു.

വിഷയത്തിൽ ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. തുടർന്ന് കിരൺ വീടുവിട്ടിറങ്ങി. പിന്നീട് ഓഗസ്റ്റ് 27ന് രാത്രി കിരൺ വ്യാജ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറി. രാത്രി 11 മണിയോടെയാണ് സുഹൃത്തായ ഐശ്വര്യയ്‌ക്കൊപ്പം നവ്യശ്രീ വീട്ടിലെത്തിയത്.

സുഹൃത്ത് ഉറങ്ങാൻ പോയ ശേഷം ഹാളിലെത്തിയ ഭാര്യ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇതുകണ്ട ഭർത്താവ് കിരൺ ഭാര്യയുമായി വഴക്കിട്ടു. വഴക്കിന് പിന്നാലെ ഭാര്യ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കിടപ്പുമുറിയിലേക്ക് പോയി. കിരണ്‍ ഇവിടെച്ചെന്നും വഴക്ക് തുടർന്നു.

ശേഷം, ഇരുമ്പ് വടി കൊണ്ട് ഭാര്യയെ അടിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയും ചെയ്‌തു. കൊലപാതകത്തിന് ശേഷം ഫ്ലോർ ക്ലീനിങ് ഓയിൽ കുടിച്ച കിരൺ ആശുപത്രിയിലേക്ക് സ്വയമെത്തി.

ഓഗസ്റ്റ് 28-ന് രാവിലെ ഐശ്വര്യ ഉണർന്ന് നോക്കിയപ്പോഴാണ് നവ്യശ്രീ കൊല്ലപ്പെട്ടതായി കണ്ടത്. തുടർന്ന് കെങ്കേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി വെസ്റ്റ് ഡിവിഷൻ ഡിസിപി ഗിരീഷ് പറഞ്ഞു.

Advertisment