/sathyam/media/media_files/bv7tqJ4BvMMdIYq58iVu.jpg)
ഹാസൻ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപസാദൃശ്യമുള്ളയാളെ കൊന്ന് അപകടത്തിൽ മരിച്ചതായി വരുത്തിത്തീർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ ഗണ്ഡസിയിലാണ് സംഭവം.
മുനിസ്വാമി ഗൗഡ എന്നയാളാണ് തന്‍റെ ഭാര്യയുടെയും സുഹൃത്തായ ട്രക്ക് ഡ്രൈവറുടെയും സഹായത്തോടെ സ്വന്തം മരണത്തിന് സിനിമയെ വെല്ലുന്ന തിരക്കഥ തയ്യറാക്കിയത്.
സംഭവത്തില്‍ മുനിസ്വാമിയും ട്രക്ക് ഡ്രൈവർ ദേവേന്ദ്ര നായികും അറസ്‌റ്റിലായി. ഗൂഡാലോചനയില്‍ പങ്കാളിയായ മുനിസ്വാമിയുടെ ഭാര്യ ശിൽപ റാണി ഒളിവിലാണ്.
ഓഗസ്‌റ്റ് 13 ന് പുലർച്ചെ 3.15 ന് ഗൊല്ലരഹോസല്ലി ഗേറ്റ് ഏരിയയ്ക്ക് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തുടര്‍ന്ന് സാധാരണ വാഹനാപകടമെന്ന നിലയില്‍ പൊലീസെത്തി രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുക്കുകയും, മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ശിൽപ റാണി പോലീസ് സ്‌റ്റേഷനിലെത്തി മൃതദേഹം തൻ്റെ ഭർത്താവ് മുനിസ്വാമി ഗൗഡയുടേതാണെന്ന് തിരിച്ചറിഞ്ഞു.
ശിൽപ റാണി നൽകിയ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും പരിശോധിച്ചശേഷം പൊലീസ് മൃതദേഹം വിട്ടുകൊടുത്തു. തുടർന്ന് ചിക്കകൊലിഗ ഗ്രാമത്തിൽ മൃതദേഹം സംസ്‌കരിച്ചു.
പോസ്‌റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിന്‍റെ കഴുത്തിൽ കയർ മുറുക്കിയ പാടുകൾ കണ്ടെത്തിയതോടെയാണ് മുനിസ്വാമിയുടെ തിരക്കഥ പൊളിയുന്നത്.
പാട് കണ്ട് സംശയം തോന്നിയ പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ബിസിനസ് പൊളിഞ്ഞതോടെ കടക്കെണിയിലായ മുനിസ്വാമി ഭീമമായ ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ നടത്തിയ കൊടും ക്രൂരത വെളിച്ചത്തുവന്നത്.