/sathyam/media/media_files/Vl8oiHeFVCRiYTkfWOKE.jpg)
ബാംഗ്ലൂർ: പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായെന്ന് പരാതി. ഇയാളുടെ ബിഎംഡബ്ല്യൂ കാർ തകർന്ന നിലയിൽ മംഗളൂരുവിന് സമീപം കുളൂർ പാലത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും മുംതാസ് അലിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
ജനതാദൾ നേതാവായ ബിഎം ഫറൂഖിൻ്റേയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് കാണാതായ മുംതാസ് അലി.
ഞായറാഴ്ച പുലർച്ചയോടെയാണ് ഇയാളെ കാണാതായതെന്നാണ് റിപ്പോർട്ട്. മുംതാസ് അലിയുടെ തിരോധാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട മുംതാസ് അലി കാറിൽ നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തി, പിന്നീട് വിവരമൊന്നുമില്ല.
കാർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ അലിയുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചത്, ഇതാണ് പ്രാഥമിക വിവരമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടാനുള്ള സാധ്യതയുണ്ടെന്നും കമ്മീഷണർ പങ്കുവെച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാർഡും നദിയിൽ തിരച്ചിൽ ആരംഭിച്ചു.