/sathyam/media/media_files/OAETCaEWTBEkEDeNRAZk.jpg)
ബെംഗളുരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കെ സി വേണുഗോപാല്‍ എംപി. നാടൊന്നാകാതെ അര്‍ജുന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം.
രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമാകുന്ന എല്ലാ ഉപകരണങ്ങളുമെത്തിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ഏത് വിധേനയും ഇന്ന് തിരച്ചില്‍ പൂര്‍ത്തിയാക്കണമെന്നാണ് കരുതുന്നത് എന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
'കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി തിരച്ചില്‍ നടന്നിരുന്നുവെങ്കിലും മഴ തടസ്സം സൃഷ്ടിച്ചു. ഇന്ന് കൂടുതല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതുവിധേനയും തിരച്ചില്‍ പൂര്‍ത്തിയാക്കണമെന്നാണ് കരുതുന്നത്. സാധ്യമാകുന്ന എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തും. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായം തേടുമെന്നാണ് അറിയിച്ചത്.
കുടുംബത്തിന്റെ വേദന കേരളത്തിന്റെ വേദനയായി മാറിയിരിക്കുകയാണ്. ഞാന്‍ രാവിലെ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കുന്നുണ്ട്,' - കെ സി വേണുഗോപാല്‍ അറിയിച്ചു.
ദേശീയപാതാ വികസനത്തിന്റെ ഡിസൈനിങ്ങിലെ അപാകതകളെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.