യോഗാ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം: ശ്വാസം നിയന്ത്രിച്ച് മരിച്ചതായി അഭിനയിച്ച് യുവതി: മരിച്ചെന്ന് കരുതി കുഴിച്ചുമൂടി കൊലയാളികള്‍: ഒടുവില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

35 കാരിയായ യോഗാ അദ്ധ്യാപികയാണ് മരിച്ചതായി നടിച്ച് നാല് വാടക കൊലയാളികളില്‍ നിന്നും രക്ഷപ്പെട്ടത്

New Update
crime Untitledasean

ബംഗളൂരു: യോഗാ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം. ബംഗളൂരുവിലാണ് സംഭവം.  ശ്വാസം നിയന്ത്രിച്ച് മരിച്ചതായി അഭിനയിച്ച യുവതിയെ മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചു മൂടി കൊലയാളികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആഴം കുറഞ്ഞ കുഴിയില്‍ നിന്നും യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Advertisment

35 കാരിയായ യോഗാ അദ്ധ്യാപികയാണ് മരിച്ചതായി നടിച്ച് നാല് വാടക കൊലയാളികളില്‍ നിന്നും രക്ഷപ്പെട്ടത്. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ വനമേഖലയിലാണ് സംഭവം. 

അര്‍ച്ചന എന്ന യുവതി തന്റെ യോഗ വൈദഗ്ധ്യം ഉപയോഗിച്ച്  ശ്വാസം നിയന്ത്രിച്ച് മരിച്ചതായി നടിച്ചു. മരിച്ചെന്ന് വിശ്വസിച്ച അക്രമികള്‍ യുവതിയെ ഒരു കുഴിയില്‍ തള്ളുകയും വിലപിടിപ്പുള്ള വസ്തുക്കളുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കൊലയാളികള്‍ പോയിക്കഴിഞ്ഞപ്പോള്‍ യുവതി കുഴിയില്‍ നിന്ന് കയറി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്റെ സുഹൃത്തായ സന്തോഷുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്ന് ചിക്കബെല്ലാപൂര്‍ ജില്ലാ പോലീസ് പറഞ്ഞു.

സന്തോഷിന്റെ ഭാര്യ ബിന്ദു അവരുടെ ബന്ധത്തില്‍ സംശയം തോന്നി അര്‍ച്ചനയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സതീഷ് റെഡ്ഡിയെയാണ് ആക്രമണം നടത്താന്‍ ബിന്ദു നിയോഗിച്ചത്.

യോഗ പഠിക്കാനെന്ന വ്യാജേന സതീഷ് റെഡ്ഡി അര്‍ച്ചനയുമായി സൗഹൃദത്തിലായി. വിശ്വാസം നേടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്തു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ കാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കാറില്‍ വെച്ച് മര്‍ദ്ദിച്ചു.

അര്‍ച്ചനയില്‍ നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും കണ്ടെടുത്ത പൊലീസ് സതീഷ് റെഡ്ഡി, ബിന്ദു എന്നിവരെയും നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നീ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

Advertisment