/sathyam/media/media_files/eoaXJpAYypaZ0ENYXldE.jpeg)
ബാംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിനിടെ ലോറി അകപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കിട്ട് അര്‍ജുന്റെ കുടുംബവും ലോറി ഉടമയും . മണ്ണിടിച്ചിലില്‍ ലോറിയുടെ കാബിന്‍ തകര്‍ന്നിട്ടില്ലെങ്കില്‍ അര്‍ജുന്‍ ഈ ദുരന്തത്തെ അതിജീവിച്ച് തിരിച്ചെത്തുമെന്നാണ് അര്‍ജുന്റെ കുടുംബവും ലോറി ഉടമയായ മനാഫും പ്രതീക്ഷിക്കുന്നത്.
16ന് രാവിലെയാണ് ലോറി മണ്ണിടിച്ചിലില്‍ പെട്ടത്. അന്നു പുലര്‍ച്ചെ നാലു വരെ താന്‍ അര്‍ജുനുമായി സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് അര്‍ജുന്റെ ഭാര്യ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ രണ്ടുവട്ടം ഫോണ്‍ റിങ് ചെയ്തതുമാണ്. അങ്കോളയില്‍ വിശ്രമിക്കാനായി അര്‍ജുന്‍ വണ്ടി നിര്‍ത്തിയിട്ടതാണോ, അതോ ചായ കുടിക്കാനായി നിര്‍ത്തിയതാണോ എന്നൊന്നും അറിയില്ല- ലോറി ഉടമ മനാഫ് പറഞ്ഞു.
11 മണിക്ക് വണ്ടി എടുത്ത് അര്‍ജുന്‍ തിരിച്ചുവരേണ്ടതായിരുന്നു. എന്നാല്‍ ആ സമയത്ത് അവനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് ലോറി ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് താന്‍ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞത്. അപ്പോള്‍ത്തന്നെ ജിപിഎസ് വഴി പരിശോധിച്ചു. ലോറിയുടെ ലൊക്കേഷന്‍ മണ്ണിടിഞ്ഞ സ്ഥലത്തു തന്നെയായിരുന്നു. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.
ഈ സമയത്തിനിടെ അര്‍ജുന്റെ അമ്മ അവനെ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. 40 ടണ്ണോളം ഭാരമുള്ള തടിയാണ് ലോറിയിലുള്ളത്. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലില്‍ ലോറി നീങ്ങിപ്പോകാന്‍ സാധ്യതയില്ല.