/sathyam/media/media_files/eoaXJpAYypaZ0ENYXldE.jpeg)
ബംഗളൂരൂ: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി ഊർജിത ശ്രമം ആരംഭിച്ചു. ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലോറിയുടെ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.
മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്നാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന. ഒരു തവണ അർജുന്റെ ഫോൺ റിംഗ് ചെയ്തെങ്കിലും നിലവിൽ സ്വിച്ച് ഓഫ് ആണ്. കേരള അതിർത്തിയിൽ നിന്ന് 250 കിലോ മീറ്റർ അകലെ മംഗളൂരു-ഗോവ ദേശീയപാതയിലാണ് അപകടം നടന്നത്.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിനടിയിൽ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന.
അർജുനെ കണ്ടെത്താൻ കാസർഗോട്ടു നിന്നുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായി കാസർഗോഡ് ജില്ലാ കളക്ടർ കെ.ഇൻപശേഖർ ആശയവിനിമയം നടത്തി.