/sathyam/media/media_files/IDtTnMtbdq1VNbK5e0DU.jpg)
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി. എം.എല്‍.എ കൈക്കൂലി കേസില്‍ അറസ്റ്റില്‍. എംഎല്‍എ മുനിരത്‌നയാണ് അറസ്റ്റിലായത്.
കരാറുകാരനോട് 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് എംഎല്‍എ കുടുങ്ങിയത്. എം.എല്‍.എ.യുടെ ഉപദ്രവം പതിവായതോടെ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും പരാതിക്കാരന്റെ മൊഴിയിലുണ്ട്.
മുന്‍ നഗരസഭാംഗം വേലുനായകര്‍ ,ബെംഗളൂരു കോര്‍പ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു എന്നിവര്‍ നല്‍കിയ പരാതികളിലാണ് പട്ടികവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.
അറസ്റ്റിനു ശേഷം തുടര്‍നടപടിക്കായി മുനിരത്‌നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോലാറിലെ മുള്‍ബാഗിലുവില്‍നിന്നാണ് മുനിരത്‌നയെ അറസ്റ്റുചെയ്തത്.
എം.എല്‍.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.
മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.