5 കോടി രൂപ നല്‍കണം, ഇല്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി: പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത രണ്ടംഗ സംഘം പിടിയില്‍

ജൂണ്‍ 19 ന് ചേതന്‍ വീണ്ടും ശിവകുമാറിനെ വിളിക്കുകയും പണം നല്‍കിയില്ലെങ്കില്‍ രേവണ്ണയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
suraj revanna Untitledbi.jpg

ബംഗളൂരു: 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത രണ്ടംഗ സംഘം പിടിയില്‍. പീഡനക്കേസില്‍ പ്രതിയായ മുന്‍ എംപി പ്രജ്വല് രേവണ്ണ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. 

Advertisment

പ്രജ്വലിന്റെ സഹോദരന്‍ സൂരജ് രേവണ്ണയെയാണ് രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൂരജ് രേവണ്ണയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാരോപിച്ച് സൂരജ് രേവണ്ണയും സുഹൃത്തായ ശിവകുമാറുമാണ് പൊലീസിനെ സമീപിച്ചത്. ചേതനെന്ന യുവാവും ഇയാളുടെ ഭാര്യാസഹോദരനുമാണ് പ്രതികള്‍.

പ്രതിയായ ചേതന്‍ ആദ്യം ശിവകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജോലി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചേതനെ സൂരജ് രേവണ്ണയ്ക്ക് പരിചയപ്പെടുത്താമെന്ന് ശിവകുമാര്‍ സമ്മതിച്ചിരുന്നു.

ജൂണ്‍ 17 ന് ചേതന്‍ ശിവകുമാറിനെ വിളിച്ച് ജോലി ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ രേവണ്ണയുടെ ഫാം ഹൗസില്‍ എത്തി ജോലി ചോദിച്ചിരുന്നെങ്കിലും ഇവര്‍ നിരസിച്ചു. ഇതോടെ സൂരജ് രേവണ്ണയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുമെന്ന് ചേതന്‍ ഭീഷണിപ്പെടുത്തി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ലൈംഗികാതിക്രമം ആരോപിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.

ചേതന്‍ ശിവകുമാറിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് തുടരുകയും 5കോടി രൂപ 3 കോടി രൂപയായും ഒടുവില്‍ 2.5 കോടിയായും കുറയ്ക്കുകയും ചെയ്തു. ചേതന്റെ ഫോണില്‍ നിന്ന് ഭാര്യാസഹോദരനും സന്ദേശങ്ങള്‍ അയച്ച് ബ്ലാക്ക്മെയിലിംഗില്‍ പങ്കാളിയായി.

ജൂണ്‍ 19 ന് ചേതന്‍ വീണ്ടും ശിവകുമാറിനെ വിളിക്കുകയും പണം നല്‍കിയില്ലെങ്കില്‍ രേവണ്ണയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ ശിവകുമാറും സൂരജ് രേവണ്ണയും ചേതനും ഭാര്യാസഹോദരനുമെതിരെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisment