ബംഗളൂരു: കോൺഗ്രസ് എംഎൽഎ നരൻ ഭാരത് റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡിയുടെ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ബല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഭാരത് റെഡ്ഡി.
ഇന്ന് രാവിലെ ആറരയോടെയാണ് ഇഡി ഭാരത് റെഡ്ഡിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. അദ്ദേഹത്തിന്റെ ബല്ലാരി, ബംഗളൂരു എന്നിവിടങ്ങളിലെ വസതികൾ, ചെന്നൈയിലെ ഓഫീസ്, ചെന്നൈയിൽ തന്നെയുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ ഓഫീസ് മാതൃസഹോദരൻ പ്രതാ റെഡ്ഡിയുടെ വീട് എന്നിവിടങ്ങളിലാണ് പരിശോധന.
ബംഗളൂരുവിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.
എംഎൽഎയ്ക്ക് കോപ്പാൽ, ആന്ധ്രയിലെ ഓംഗോൾ എന്നിവിടങ്ങളിൽ ഗ്രാനൈറ്റ് ക്വാറികൾ ഉണ്ട്. ഇതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് എന്നാണ് സൂചന.