ബംഗളൂരു: രേണുകസ്വാമി എന്ന 33 കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയെ ജൂലൈ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ദര്‍ശനും മറ്റ് മൂന്ന് പ്രതികളായ പ്രദോഷ്, വിനയ്, ധനരാജ് എന്നിവരും ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരിക്കും. 13 വര്‍ഷം മുമ്പ് ഭാര്യയെ ആക്രമിച്ച കേസില്‍ നടന്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ക്കഴിഞ്ഞിരുന്നു.
2011 സെപ്റ്റംബറില്‍ ഭാര്യ വിജയലക്ഷ്മിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ദര്‍ശനെ പരപ്പന അഗ്രഹാര ജയിലിലേക്ക് 28 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നടന്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ ദമ്പതികള്‍ തമ്മിലുള്ള പശ്‌നം പരിഹരിച്ചിരുന്നു.
രേണുകസ്വാമി വധക്കേസില്‍ ജൂണ്‍ 11ന് അറസ്റ്റിലായ അന്നുമുതല്‍ ദര്‍ശന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. നടന്റെ സുഹൃത്ത് പവിത്ര ഗൗഡ ഉള്‍പ്പെടെ 13 പ്രതികളെ ബെംഗളൂരു കോടതി രണ്ട് ദിവസം മുമ്പ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.