/sathyam/media/media_files/wmujYzMkXN6WNAIdQ4eV.jpg)
ബംഗളൂരു: നടിയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നടന്‍ ദര്‍ശനും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാതാപിതാക്കള്‍.
മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രേണുകസ്വാമിയുടെ മാതാപിതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. മരുമകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിച്ച സിദ്ധരാമയ്യ കുടുംബത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കി.
33 കാരനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സഹനടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. കേസില്‍ പവിത്ര ഗൗഡയും അറസ്റ്റിലായിട്ടുണ്ട്.
രേണുകസ്വാമിയെ കൊലപ്പെടുത്തി മൃതദേഹം സംസ്‌കരിക്കുന്നതിനായി താരം 30 ലക്ഷം രൂപ നല്‍കിയെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും നടന്‍ തങ്ങള്‍ക്ക് പണം നല്‍കിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.