ബെംഗളൂരു: മൂഡ കേസ് വിവാദത്തിന് കാരണമായ 14 പ്ലോട്ടുകൾ തിരികെ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി.
തുറന്ന കത്തിലൂടെയാണ് പാർവതി ഇക്കാര്യം വ്യക്‌തമാക്കിയത്. സഹോദരൻ നൽകിയ ഭൂമി വിവാദമാകുമെന്ന് കരുതിയില്ലെന്നും, അന്തസിനും മാനത്തിനും മുകളിലല്ല സമ്പത്തെന്നും പാർവതി കത്തില്‍ വ്യക്‌തമാക്കി.
'എൻ്റെ ഭർത്താവ് സിദ്ധരാമയ്യ നാൽപ്പത് വർഷമായി രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നു. ഈ കാലയളവിലുടനീളം അദ്ദേഹം തൻ്റെ ധാർമികത കൈവെടിഞ്ഞിട്ടില്ല.
അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലും രാഷ്‌ട്രീയത്തിലും ഇടപെട്ട് അദ്ദേഹത്തിൻ്റെ പേരിന് കളങ്കം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരിക്കലും വീടും സ്വത്തും സ്വർണ്ണവും സമ്പത്തും ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല.
അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ ജീവിതത്തിന് ഒരു ചെറിയ കളങ്കം പോലും ഉണ്ടാകാതിരിക്കുന്നതിന് ഞാൻ ശ്രദ്ധിച്ചിരുന്നു.' -പാർവതി കത്തില്‍ കുറിച്ചു.
കർണാടകയിലെ ജനങ്ങൾ തന്‍റെ ഭർത്താവിനോട് കാണിക്കുന്ന സ്‌നേഹവും ആദരവും കണ്ടിട്ട് സന്തോഷവും അഭിമാനവുമാണ് തോന്നിയതെന്നും പാർവതി കത്തില്‍ ചൂണ്ടിക്കാട്ടി. മൈസൂരിലെ മൂഡ ഭൂമി ഇടപാട് കേസ് തന്നെ വളരെയധികം വേദനിപ്പിച്ചു.
സ്വന്തം സഹോദരൻ നൽകിയ ഭൂമി ഇത്രയും വിവാദമാകുമെന്നും തൻ്റെ ഭർത്താവ് അന്യായമായ ആരോപണങ്ങൾ നേരിടേണ്ടിവരുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും പാർവതി കത്തില്‍ കുറിച്ചു.