/sathyam/media/media_files/e9xpyKa4YBqLubgukcz2.jpg)
ഡൽഹി: മുഡ ഭൂമിയാരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണ്ണറുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്.
വെള്ളിയാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുമായി മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എഐസിസി പ്രതിനിധി രൺദീപ് സുർജേവാല എന്നിവരുമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ബിജെപിയുടെയും ജെഡിഎസിന്റെയും രാഷ്ട്രീയ പകപോക്കലാണ് ഗവർണ്ണറുടെ നടപടിക്ക് പിന്നില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ വേട്ടയാടുന്ന നടപടിയാണ് ബിജെപി നടത്തുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം വേട്ടയാടൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടാനും യോഗത്തിൽ ധാരണയായി.
'തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണ്ണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന തന്ത്രമാണിത്. സിദ്ധരാമയ്യ സർക്കാരിന്റെ ജനകീയ ഇടപെടലുകളെ ബിജെപിയും ജെഡിഎസും ഭയക്കുന്നു.
ഗവർണ്ണറുടെ നടപടി കർണ്ണാടകത്തിലെ ജനങ്ങൾക്കും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിക്കും നേരെയുള്ള ആക്രമണമാണ്'-കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.