ബംഗളൂരു: വഖഫ് ഭൂമി കൈയേറ്റ വിവാദത്തില്‍ മൗനം വെടിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന സ്വത്തില്‍ നിന്നും ആരെയും ഒഴിപ്പിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഇതിനകം ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ഞങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ല, വര്‍ഷങ്ങളായി സ്വത്ത് കൈവശം വച്ചിരിക്കുന്ന ആരെയും ഞങ്ങള്‍ ഒഴിപ്പിക്കാന്‍ പോകുന്നില്ല,' അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് അന്യായമായി നോട്ടീസ് നല്‍കിയെന്ന് ആരോപിച്ച് ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു.
വിജയപുര ജില്ലയില്‍ നിന്നും സമീപത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള കര്‍ഷകരുടെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തി വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ജെപിസി ചെയര്‍പേഴ്സണ്‍ ജഗദാംബിക പാലിന് കത്തെഴുതിയെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.