/sathyam/media/media_files/AUyca1QGEUEFVoqOjo8m.jpg)
ഹാസന്‍: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനക്കേസില്‍ ജനതാദള്‍ (എസ്) ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് സൂരജിനെതിരെ ഒരു യുവാവ് പ്രകൃതിവിരുദ്ധ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഹാസനിലെ സിഇഎന്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു.
എച്ച്ഡി രേവണ്ണയുടെ മൂത്ത മകനായ സൂരജ് രേവണ്ണ ജൂണ്‍ 16ന് വൈകിട്ട് ഹോളനരസിപുര താലൂക്കിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് ചേതന്‍ കെഎസ് (27) എന്ന യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ട് ജെഡി(എസ്) എംഎല്‍സിക്കെതിരെ ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ഹോളനരസിപുര പൊലീസ് കേസെടുത്തു. എന്നാല്‍, സൂരജ് രേവണ്ണ (37) ഈ ആരോപണം നിഷേധിച്ചിരുന്നു. ചേതന്‍ തന്നില്‍ നിന്ന് 5 കോടി രൂപ തട്ടിയെടുക്കാന്‍ വ്യാജ പരാതി നല്‍കിയെന്നാണ് സൂരജിന്റെ ആരോപണം.
സൂരജ് രേവണ്ണയുടെ അടുത്ത അനുയായിയായ ശിവകുമാറിന്റെ പരാതിയില്‍ വെള്ളിയാഴ്ചയാണ് ചേതനെതിരെ പൊലീസ് പണം തട്ടിയതിന് കേസെടുത്തത്.
തനിക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ചേതന്‍ സൂരജ് രേവണ്ണയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന് ശിവകുമാര്‍ ആരോപിച്ചു. സൂരജ് രേവണ്ണയോട് ചേതന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അത് രണ്ട് കോടിയായി ചുരുക്കിയെന്നും ആരോപണമുണ്ട്.