ബംഗളൂരു: ജാതി സര്‍വ്വേ റിപ്പോര്‍ട്ട് അടുത്ത മാസം സര്‍ക്കാര്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് മൈസൂരില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
നാം അവരെ തിരിച്ചറിയുകയും അവര്‍ക്ക് മറ്റുള്ളവരെപ്പോലെ തുല്യ അവസരങ്ങള്‍ നല്‍കുകയും വേണം. അതുകൊണ്ടാണ് ഞാന്‍ ജാതി സര്‍വ്വേ ആരംഭിച്ചത്. നമ്മുടെ വ്യവസ്ഥിതി മാറണം. ആ മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും ഉന്നമിപ്പിക്കുന്നതിനുമാണ് നമ്മുടെ സര്‍ക്കാര്‍ സാമൂഹിക സെന്‍സസ് നടത്തിയത്. സിദ്ധരാമയ്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെയാണ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അടുത്ത മാസം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് എന്നത് വളരെക്കാലമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തത്വമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.