ചെന്നൈ: വീട്ടുജോലികള്‍ ചെയ്യാനായി ജയിലിലെ തടവുകാരെ ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഡി.ഐ.ജി. ആര്‍. രാജലക്ഷ്മി, രാജലക്ഷ്മിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ രാജു, ജയില്‍ അഡീഷണല്‍ സൂപ്രണ്ട് എ. അബ്ദുള്‍ റഹ്മാന്‍, ജയിലര്‍ അരുള്‍ കുമരന്‍ എന്നിവര്‍ക്കും പത്ത് കോണ്‍സ്റ്റബിള്‍മാര്‍ക്കും എതിരെയാണ് കേസ്.
ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജീവപര്യന്തം തടവുകാരനായ എസ്. ശിവകുമാറിനെക്കൊണ്ട് വെല്ലൂര്‍ റേഞ്ച് ജയില്‍ ഡി.ഐ.ജി. ആര്‍. രാജലക്ഷ്മിയുടെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുകയും വീട്ടില്‍ നിന്ന് നാലു ലക്ഷം രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മൂന്നു മാസമായി ശിവകുമാറിനെ ഒറ്റയ്ക്കാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്.
ഇയാളെ ഹൈക്കോടതി ഉത്തരവ് പ്രകാരം സേലം സെന്‍ട്രല്‍ പ്രിസണിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതി ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രകാരമാണ് കേസെടുത്തത്.